നഗരസൗകര്യങ്ങള്‍
അഴിച്ചുവെച്ച് ജീവതം കാടിനായി സമര്‍പ്പിച്ച പെണ്‍കുട്ടി. വനിത
വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയുടെ വിശേഷങ്ങള്‍
രാത്രി ഇരുണ്ടാല്‍ വസുധയുടെ ഹണ്ടിങ്ങ് ലോഡ്ജിന്റെ മുറ്റത്ത് ചില
സന്ദര്‍ശകരെത്തും. കരടിക്കുട്ടന്‍മാര്‍, കാട്ടുപോത്തുകള്‍, പന്നികള്‍,
പുളളിപ്പുലി. മുറ്റത്ത് ഒരുക്കിയ ചെറിയ കുളത്തിലെ വെള്ളം കുടിക്കാനെത്തുന്ന
അതിഥികള്‍. ആനകളാണ് സ്ഥിര സന്ദര്‍ശകര്‍. കൂട്ടത്തില്‍ ഒരു വലിയ
കൊമ്പനുണ്ട്. മര്യാദരാമന്‍. വെളളം കുടിച്ചു, കുറച്ചു നേരം കറങ്ങി, ചെറിയ
മൂളലുകളാല്‍ തന്റെ സാന്നിധ്യമറിയിച്ച് അവന്‍ പതിയെ സ്ഥലം വിടും. സാധു
എന്നാണവന് പേരിട്ടിരിക്കുന്നത്. സാധു വന്നാല്‍ സുല്‍ത്താന്‍ നിശ്ശബ്ദനാവും.
കുരച്ച് ബഹളമുണ്ടാക്കി അവനെ ശല്ല്യപ്പെടുത്തരുതെന്ന് വസുധ പ്രത്യേകം ചട്ടം
കെട്ടിയിട്ടുണ്ട്. കാട്ടിലെ വീട്ടില്‍ വസുധയുടെ കൂട്ടായ റോട്ട്‌വീലറാണ്
സുല്‍ത്താന്‍. പകല്‍ നേരങ്ങളില്‍ കാട്ടിലും മേട്ടിലും അവന്‍ നിഴലായി
കൂടെത്തെന്നെയുണ്ടാവും.
വസുധ
ചക്രവര്‍ത്തി സ്വയം തിരഞ്ഞെടുത്തതാണ് കാട്ടിലെ ഈ ഏകാന്തവാസം. കാടുമായി
ഇഴുകിച്ചേര്‍ന്ന രാജ്യത്തെ ഏക വനിതാ വന്യജീവി ഫോട്ടോഗ്രാഫര്‍. മാണ്ഡ്യയിലെ
അയ്യങ്കാര്‍ കുടുംബത്തില്‍ നിന്നും വന്ന വസുധക്ക് കാട് സ്വന്തം വീടു
തന്നെയാണ്. ഫോട്ടോഗ്രാഫി ആവേശവും. വമ്പന്‍ കോര്‍പ്പറേറ്റ് ബാങ്കിലെ വലിയ
ജോലി ഇട്ടെറിഞ്ഞ് തീര്‍ത്തും പരിമിതമായ ജീവിത സൗകര്യങ്ങളിലേക്ക്,
കൂട്ടില്ലാതെ, കാടിന്റെ തുടിപ്പുകള്‍ അനുഭവിക്കാന്‍ വേണ്ടി മാത്രം
നീലഗിരിയിലേക്കു ചേക്കേറിയ യുവതി. ഊട്ടിയില്‍ നിന്നും പതിമൂന്നു
കിലോമീറ്റര്‍ അകലെയുള്ള കല്ലട്ടി കുന്നില്‍, മൂന്നൂറേക്കറില്‍ പരന്നു
കിടക്കുന്ന സോഫിയ എസ്‌റ്റേറ്റിലെ ബംഗ്ലാവിലാണ് കഴിഞ്ഞ ഏഴു വര്‍ഷമായി വസുധ
താമസിക്കുന്നത്. കല്ലും മരവും കൊണ്ടുള്ള ഈ ഹണ്ടിങ്ങ് ലോഡ്ജ്
നൂറ്റിയെണ്‍പത് വര്‍ഷം മുമ്പ് ഐറിഷുകാര്‍ ഉണ്ടാക്കിയതാണ്. പഴയ
നിര്‍മ്മിതിക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. താഴെയുള്ള കുതിരലായങ്ങള്‍
മുറികളായി മാറി എന്നു മാത്രം.
മൈസൂര്‍
ഊട്ടി റോഡില്‍ നിന്നും ഏഴു കിലോമീറ്റര്‍ ഉള്ളോട്ടു പോയാല്‍ ഷോളൂര്‍
അങ്ങാടിയായി. അവിടെ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചാരം. മലയുടെ മാറില്‍,
വഴിയെന്നു കഷ്ടിച്ചു വിളിക്കാവുന്ന കാട്ടു പാതയിലൂടെ വളഞ്ഞും ചുറ്റിയും
സഞ്ചരിച്ചാല്‍ സോഫിയ എസ്‌സ്റ്റേറ്റിലെ കൂറ്റന്‍ ഗേറ്റിനു മുന്നിലെത്താം.
ഗേറ്റു കടന്നു നടന്ന് കുറച്ചിട കഴിഞ്ഞപ്പോള്‍ അപരിചിതരെ വിറപ്പിക്കുന്ന കുര
ഉയര്‍ന്നു. അറ്റന്‍ഷനില്‍ നിന്നു പോയ ഞങ്ങളെ ചിരിച്ചു കോണ്ട് വസുധ തന്റെ
തട്ടകത്തിലേക്കു ക്ഷണിച്ചു. വന്നോളൂ, അവനെ ഞാന്‍ കെട്ടിയിട്ടിട്ടുണ്ട്.
തുടലിലമര്‍ന്ന് ചുരമാന്തിനില്‍ക്കുന്ന ഒരു കറുത്ത കൂറ്റന്‍ റോട്ട്‌വീലര്‍.
ഒരു പുലിയെയൊക്കെ അവന് ഒറ്റക്ക് നേരിടാനാകുമെന്നുറപ്പ്. ബംഗ്ലാവിന്റെ
ചുമരില്‍, നെയിംബോര്‍ഡിനോടു ചേര്‍ത്ത് തൂക്കിയിട്ട ബോക്‌സിങ്ങ് ഗ്ലൗ കൂടി
കണ്ടപ്പോള്‍ താമസക്കാര്‍ അത്ര മോശക്കാരല്ല എന്നു മനസ്സിലായി. ''കിക്ക്
ബോക്‌സിങ്ങ് പ്രാക്റ്റിസ് നല്ല സ്റ്റാമിന തരും. വേഗതയും.'' ബ്ലാക്ക്
ബെല്‍റ്റ് നേടിയ അഞ്ചടിക്കാരിക്കാരിയായ പെണ്‍കുട്ടി പൂച്ചക്കണ്ണ്
വിടര്‍ത്തി ആത്മവിശ്വാസത്തോടെ വിശദീകരിച്ചു.
മോഷണം പോയെന്നു കരുതിയ തന്റെ പച്ച നിറമടിച്ച ഒരു ഫോര്‍വീലര്‍ ജീപ്പ് പോലീസ്
കണ്ടെടുത്തതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ അവള്‍.
ഡീസല്‍ തീര്‍ന്നപ്പോള്‍ കള്ളന്‍മാര്‍ ഉപേക്ഷിച്ചു പോയതാണ്. കാട്ടിലേക്കും
പുറത്തേക്കുമുള്ള യാത്ര അധികവും അതിലാണ്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം,
കൈമടക്കു കൊടുക്കാതെ പോലീസുകാര്‍ ജീപ്പു വിട്ടു തരുന്ന ലക്ഷണമൊന്നുമില്ല.
''നാലു ദിവസമായി ഇവിടെ വെള്ളമില്ല, അതിഥികള്‍ വരുമെന്നറിഞ്ഞ് അപ്പറുത്തെ
അരുവിയില്‍ ചെന്നു കുളിച്ചു'' ചിരിയോടെ വസുധ പറഞ്ഞു. ''ചായ തരാം, ലഞ്ച്
നമുക്ക് ഏര്‍പ്പാടാക്കാം'', കാട്ടിലെ പെണ്‍കുട്ടി പെട്ടന്ന് വീട്ടമ്മയായി.
സുല്‍ത്താന്റെ പ്രതിഷേധം വകവെക്കാതെ ഞങ്ങള്‍ അകത്തേക്കു കടന്നു.

ബംഗ്ലാവിന്റെ
മുന്‍വശത്തുള്ള നീണ്ട കിടപ്പുമുറിയുടെ വാതിലുകള്‍ ചുറ്റിലുമുള്ള
പ്രകൃതിയുടെ മുഗ്ധതയിലേക്കാണ് തുറക്കുന്നത്. നാലു ഭാഗത്തും തലയുയര്‍ത്തി
നില്‍ക്കുന്ന ബലിക്കല്‍, ഉള്ളത്തി, അകോണി മലകള്‍. അതിനുമപ്പുറത്ത്
നീലഗിരിയുടെ ഉയരങ്ങള്‍ ചവാളത്തിനു വരയിടുന്നു. ആതിഥേയ ചായയുണ്ടാക്കുന്ന
തിരക്കിലാണ് അടുക്കളയില്‍ പാലു കുടിച്ചും പാത്രമുടച്ചും സഹായിക്കാന്‍
മിഞ്ചു എന്ന കുറിഞ്ഞിപ്പൂച്ചയുണ്ട്. സുല്‍ത്താനുമായി അവള്‍ അത്ര നല്ല
ടേംസിലല്ല. സുല്‍ത്താനൊഴിച്ച് മറ്റു രണ്ടു പേരും പ്യൂര്‍ വെജ്ജാണ്.
ഭക്ഷണത്തിന്റെ മെനു പച്ചക്കറികളില്‍ ഒതുങ്ങുമെന്ന് ആദ്യമേ വസുധ
മുന്നറിയിപ്പ് തന്നിരുന്നു. കേരളത്തില്‍ നിന്ന് അച്ചാര്‍ കൊണ്ടു വരണമെന്നു
പറയാന്‍ വിട്ടുപോയി. തലക്കടിച്ചു കൊണ്ട് വസുധ ഇഛാഭംഗപ്പെട്ടു. അടുക്കളയോടു
ചേര്‍ന്ന് തീകായാനുള്ള ചിമ്മിനിയുളള മറ്റൊരു നീളമുള്ള മുറിയുണ്ട്. അവിടെ
ഒരറ്റത്ത് ടിവിയും സിഡി പ്ലേയറും. അടുത്ത് ഇംഗ്ലീഷ് ചിത്രങ്ങളുടെ
സിഡികളടങ്ങിയ ഒരു റാക്ക്. ഒഴിവുള്ള സ്ഥലങ്ങളിലെല്ലാം പുസ്തകങ്ങള്‍ അടുക്കി
വെച്ചിട്ടുണ്ട്. ഏറേയും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ടവ
തന്നെ. പുറത്ത ഒരു യമഹ എന്റൈസര്‍ ചുമരിനോടു ചേര്‍ത്തു വെച്ചിരിക്കുന്നു.

ക്ലൗഡഡ്
ലെപ്പേഡ്‌സിനെ പറ്റി കൊല്‍ക്കത്തയില്‍ വെച്ച് കണ്ട ഒരു ഡോക്യുമെന്റെറിയാണ്
വസുധയുടെ ജീവിതം മാറ്റി മറിച്ചത്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു
ജീവിവര്‍ഗ്ഗത്തിന്റെ അതിജീവനത്തിനുള്ള ശ്രമത്തിന്റെയും
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിന്റെ ആവാസവ്യവസ്ഥയുടേയും ചിത്രീകരണം
അവരെ പിടിച്ചുലച്ചു. പ്രകൃതിയെ ഭംഗപ്പെടുത്തുന്ന മനുഷ്യന്റെ ദുരയുടെ
അനന്തരഫലങ്ങള്‍ ദൂരവ്യാപകമാണെന്ന തിരിച്ചറിവായിരുന്നു പ്രകൃതിയെ അറിയാനും
വീണ്ടെടുക്കാനുമുള്ള യാത്രയുടെ പ്രചോദനം. പ്രകൃത്യോപാസകനും ബന്നാര്‍ഘട്ട
ഉദ്യാനത്തിന്റെ ശില്‍പ്പിയുമായ കൃഷ്ണ നാരായണന്‍ വസുധയില്‍ ഇക്കാര്യത്തില്‍
വലിയ സ്വാധീനം ചെലുത്തി. ഊട്ടിയിലെ ലൈറ്റ് ആന്റ് ഫോട്ടോഗ്രാഫിയിലെ പഠനം
കൂടി കഴിഞ്ഞപ്പോള്‍ വസുധക്ക് ഒന്നു തീര്‍ച്ചയായി. കാടാണ് തന്റെ വഴി.
അയ്യങ്കാരു വീട്ടില്‍ അഴകായിരിക്കേണ്ട ചെല്ലപ്പൊണ്ണ്
കാനനവാസത്തിനൊരുങ്ങുന്നതറിഞ്ഞപ്പോള്‍ ഞെട്ടലും എതിര്‍പ്പുകളും ഉണ്ടായി.
പെണ്‍കുട്ടിയുടെ തീരുമാനത്തിനു മാത്രം മാറ്റമുണ്ടായില്ല. സൗകര്യങ്ങള്‍ക്കു
നടുവില്‍ നിന്നുമുള്ള ഒരു പറിച്ചു നടല്‍ കൂടിയായിരുന്നു അത്. അച്ഛന്‍
അമ്മ, സുഹൃത്തുക്കള്‍, ജോലി, ബാംഗ്ലൂരിലെ മെറിമേക്കിങ്ങ്, സുഖശീലങ്ങള്‍,
കുടുംബജീവിതം.. എല്ലാം മാറ്റിവെച്ചുള്ള ഒരു തരം സംന്യാസജീവിതം. പണത്തിന്
തീരെ പ്രയാസം വരുമ്പോള്‍ ഉട്ടിയില്‍ പോയി ടാക്‌സികള്‍ വാടകക്കെടുത്ത്
ഓടിച്ചു പണം കണ്ടെത്തും, മോഡല്‍ ഫോട്ടോഗ്രാഫിക്ക് അസൈന്‍മെന്റുകള്‍
ഏറ്റെടുക്കും. വികെ പ്രകാശിനൊപ്പമൊക്കെ ഫിലിമോട്ടോഗ്രാഫിക്ക് അസിസ്റ്റു
ചെയ്തപരിചയവും വസുധക്കുണ്ട്.

ബന്ദിപ്പൂരിലും
മുതുമലയിലും മസിനഗുഡിയിലും ഊട്ടിയിലുമുള്ള ആദിവാസികളുടെ ഇടയിലാണ് ആദ്യമായി
വസുധ പ്രവര്‍ത്തനം തുടങ്ങിയത്. കുറുബന്‍മാര്‍, കുറുമ്പന്‍മാര്‍,
ഇരുളന്‍മാര്‍, ബഡഗന്‍മാര്‍. കാടിന്റെ ചൂരും ചൂടും കാടിന്റെ മക്കളോളം
അറിയുന്നവര്‍ ആരുമില്ല. കണ്ണുകളല്ല കാതുകളും ഗന്ധങ്ങളുമാണ് കാട്ടില്‍
ഉപയോഗപ്പെടുക എന്ന് പഠിപ്പിച്ചത് അവരാണ്. ആണ്‍കുട്ടികളെപ്പോലെ ബൈക്കു
പറപ്പിച്ച് കാട്ടുപാതകളിലൂടെ ഊരുകളിലേക്കെത്തുന്ന ക്യാമറ തൂക്കിയ
സ്മാര്‍ട്ടായ പെണ്‍കുട്ടിയെ ആദ്യമൊക്കെ സംശയദൃഷ്ടിയോടെയാണ് ആദിവാസികള്‍
കണ്ടത്. പിന്നെപ്പിന്നെ വസുധ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി.
കാടുമായുള്ള താദാത്മ്യങ്ങളും, അതിന്റെ ഭാവവ്യത്യാസങ്ങളും ജീവജാലങ്ങളുടെ
ജീവചക്രവും എന്താണെന്ന് അവര്‍ പഠിപ്പിച്ചു കൊടുത്തു. അവയോരോന്നും വസുധ
ശ്രദ്ധാപൂര്‍വം തന്റെ മനസ്സിലും ക്യാമറയിലും പകര്‍ത്തി. വന്യാനുഭവങ്ങളുടെ
സാഹസികത വിവരിക്കുമ്പോള്‍ അവര്‍ വാചാലയാവും. നാലു ഭാഗത്തു നിന്നും
ചാര്‍ജ്ജു ചെയ്തു വരുന്ന കാട്ടാനകള്‍, തലക്കു മേലെ ഇരകാത്തിരുന്ന
പുള്ളിപ്പുലി, വഴിയോരത്തു കാത്തുനിന്ന ഒരു കടുവ, പിന്തുടരുന്ന
വിഷപ്പാമ്പുകള്‍, താക്കീതു ചെയ്യുന്ന കരടികള്‍. എല്ലാം ഉദ്വേഗഭരിതമായ
മുഖാമുഖങ്ങള്‍.

ടെലിലെന്‍സില്ലാത്തതിനാല്‍ അധികവും റിസ്‌കുള്ള ക്ലോസ് എന്‍കൗണ്ടേസ് ആണ
പതിവ്. ആനക്കൂട്ടങ്ങളുടെ അടുത്തേക്ക് ഉണങ്ങിയആനപ്പിണ്ഡം ദേഹത്താകെ
വാരിത്തേച്ചാണ് പോവുക. പ്രത്യേകതരം ഇലച്ചാറു തേച്ചാല്‍ വന്യമൃഗങ്ങള്‍
ആക്രമിക്കാന്‍ മടിക്കും. കാനണ്‍ന്റെ 400 ഡി ആണ് വസുധയുടെ പ്രധാന ആയുധം. 70
-200 എല്‍ ഐഎസ് യുഎസ്എം ലെന്‍സും. ഒരു നിക്കോണ്‍ ഉ300മുണ്ട്. പക്ഷെ
കാനണ്‍ന്റെ 400 ടെലിഫോട്ടോലെന്‍സില്ലാതെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍
കാര്യമില്ല എന്ന വസുധക്ക് ബോധ്യമുണ്ട്. ''വന്യജീവി ഫോട്ടോഗ്രാഫി
എക്‌സപന്‍സീവാണ്, ടെലി ലെന്‍സുകള്‍ക്കൊക്കെ ലക്ഷങ്ങളാണ വില. ലെന്‍സ്
തിരിച്ചിട്ടാണ് ഞാന്‍ മൈക്രോ ഫോട്ടോഗ്രഫി ചെയ്യാറുള്ളത.് ലെന്‍സുകള്‍
മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്ന ലക്ഷ്വറി.'' പരിമിതികളിലും ആസാമിലെ മാനസ്സും
കാസിരംഗയും മുതല്‍ തമിഴ്‌നാട്ടിലെ മുക്കുര്‍ത്തി മലയുടെ അറിയാത്ത
ചെരിവുകളില്‍ വരെ വസുധ ക്യാമറയുമായി ചെന്നിട്ടുണ്ട.് നീലഗിരികുന്നുകളുടെ
സംരക്ഷണാര്‍ഥം ഗ്രീന്‍ ഗുരുകുല്‍ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരി കൂടിയാണ്
വസുധ. വനസംരക്ഷണത്തിനും പ്രകൃത്യാവബോധത്തിനും വിദ്യാഭ്യാസത്തിനുമായി ഇത്
പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനത്തിന് ഫണ്ട് തന്നെയാണ് പ്രശ്‌നം. ജയലളിത
കാണാമെന്ന് സമ്മതിച്ചിട്ടുണ്ട്. വസുധ പ്രതീക്ഷയിലാണ്.

ഞങ്ങള്‍ ഒരു ചെറിയ ട്രക്കിങ്ങിനൊരുങ്ങി. ''ലാന്‍ഡ് ലോര്‍ഡ് ബാംഗ്ലൂരില്‍
നിന്നും എത്തിയിട്ടുണ്ട്, നിങ്ങളെ കണ്ടാല്‍ കൊള്ളാമെന്നുണ്ട്''
ഒരുക്കങ്ങള്‍ക്കിടെ ഒരു ഫോണിനു ചെവിയോര്‍ത്ത് വസുധ വിളിച്ചു പറഞ്ഞു. കേരള
രജിസ്‌ട്രേഷനുള്ള വണ്ടി ഗേറ്റിനു പുറത്തു നിര്‍ത്തിയതു കണ്ടു ഉടമ
വിളിച്ചതാണ്. എസ്റ്റേറ്റ് ഉടമ സഹൃദയനും സരസനുമായ ഡോ. കൃഷ്ണകുമാര്‍
മാണിക്കത്താണ്. കൊച്ചി രാജകുടുംബാംഗം. കല്ലട്ടി കുന്നിനെ പൊതിയുന്ന 350
ഏക്കര്‍ എസ്റ്റേറ്റ് അദ്ദേഹത്തിന്റെതാണ്. എസ്‌റ്റേറ്റിനെ കാടാവാന്‍
വിട്ടിരിക്കുകയാണദ്ദേഹം. തികഞ്ഞ പ്രകൃതി സ്‌നേഹി. ''ചായയും കാപ്പിയും
കൃഷിയുമൊന്നും വേണ്ട, അരുവികളും കിളികളുമൊക്കെ വരട്ടെ''. ആരും
എളുപ്പമെടുക്കാന്‍ മടിക്കുന്ന ഈ തീരുമാനത്തിനു പിന്നില്‍ വസുധയുടെ
സ്വാധീനമുണ്ടാവണം. ഹണ്ടിങ്ങ് ലോഡ്ജില്‍ നിന്ന് രണ്ടു മൂന്നു ഫര്‍ലോങ്ങ്
അകലെയുള്ള ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുന്നത്. ഭാര്യ ജപ്പാന്‍കാരിയാണ്.
മക്കളില്ല. കല്ലട്ടികുന്നിലുള്ള ബംഗ്ലാവ് ഒരു ചരിത്ര മ്യൂസിയമാണ്.
ലന്തക്കാര്‍ നിര്‍മ്മിച്ച അപൂര്‍വ മേശകളും കസേരകളും, പാലിയത്തച്ചന്‍
മെക്കോളെയെ വെട്ടിയ വാള്‍, ജപ്പാനീസ് സമുറായ്കളുടെ കതാന വാള്‍,
തിട്ടൂരങ്ങള്‍, താക്കോലുകള്‍, അങ്ങനെ അങ്ങനെ. കാട്ടിനുള്ളില്‍ ഒരു
മ്യൂസിയം. തീര്‍പ്പും അപ്രതീക്ഷിതവും അപൂര്‍വവുമായ ഒരു കാഴ്ച്ച.
മാണിക്കത്ത് വര്‍ഷത്തില്‍ ഏറെയും ജപ്പാനിലും ബാഗ്ലൂരിലുമാണുണ്ടാവുക.
രണ്ടാഴ്ച്ചക്കാലം കല്ലട്ടിയിലെ എസ്റ്റേറ്റിലുമുണ്ടാവും. ജപ്പാന്റെ
സഹായത്തോടെ ബാംഗ്ലൂരിലെ മദ്ദൂരിലും ജപ്പാനിലെ ഷിയോഹാമയിലും അദ്ദേഹം ഹാപ്പി
വാലി എന്ന കുട്ടികളുടെ ഗ്രാമം നടത്തുന്നു.

സംഭവബഹുലമായ
കൂടിക്കാഴ്ച്ചക്കു ശേഷം ഞങ്ങള്‍ ട്രക്കിങ്ങ് ആരംഭിച്ചു. കല്ലട്ടിയിലെ
പെണ്‍കടുവ വന്നിരിക്കാറുള്ള ''അമേരിക്കന്‍ ഫെയ്‌സ്'' എന്ന റെഡ് ഇന്ത്യന്‍
മുഖമുള്ള വലിയ പാറയുടെ ചെരിവിലൂടെ ഞങ്ങള്‍ പ്രയാണം തുടങ്ങി. കല്ലട്ടി
വെള്ളച്ചാട്ടത്തിനു ചുറ്റിലുമുള്ള കാടാണു ലക്ഷ്യം. കയറ്റങ്ങള്‍ കയറിക്കയറി
ശ്വാസമെടുക്കാന്‍ ശ്രമിച്ച് തളര്‍ന്ന്, ഒരു വലിയ ഇറക്കത്തിനു മുന്നില്‍
ഞങ്ങള്‍ പരുങ്ങി നിന്നു. കാണുന്ന എല്ലാത്തിനോടും സംസാരിച്ച്, സുല്‍ത്താനെ
നിയന്ത്രിച്ച്, ക്യാമറ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന ആയുധം പോലെ
തയ്യാറാക്കിവെച്ച് ചുറുചുറുക്കോടെ വസുധ കയറ്റം ഇറങ്ങിത്തുടങ്ങി.