പ്രിയതമക്കൊരു കുറിമാനം
പ്രിയതമേ നിന്‍റെ ഓര്‍മയില്‍ മുങ്ങിയാണ്
എന്‍റെ നിമിഷങ്ങള്‍ നീങ്ങുന്നതും -
ഞാന്‍ ഉറങ്ങുന്നതും
സ്വപ്നങ്ങള്‍ എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍
നിന്നെ ഓര്‍ത്തോര്‍ത്തു ഞാന്‍ ചിരിക്കും
ആ ചിരി ഏതൊരന്ധകാരത്തിലും
നിലാവല തീര്‍ത്തിടും
ചിലപ്പോള്‍ നിന്നെ ഓര്‍ത്തോര്‍ത്തു കരയും
ആ അശ്രു കണങ്ങളും സ്വപ്ന സൂനങ്ങളും
ചേര്‍ത്തിടുകില്‍ നിനക്ക് നിത്യവും നീരാടാനുള്ള
സുന്ദര പൊയ്കയായ് മാറിടും
എന്‍റെ മാനസ സരസ്സിലെ നൗകയില്‍
ചായത്തില്‍ ചാലിച്ച നിന്‍റെ -
എത്രയെത്ര വര്‍ണ്ണ ചിത്രങ്ങളാണ്
ഞാന്‍ അലങ്കരിച്ചു വെച്ചിട്ടുള്ളത്
ലൈലയും മുംതാസും അനാര്‍ക്കലിയും
സ്മരിക്കപ്പെടുന്നതുപോലെ
നിന്‍റെ നാമവും പ്രണയം പൂക്കുന്ന
മാനസങ്ങളില്‍ മിന്നിത്തിളങ്ങി നില്‍ക്കും
ആകാശഗംഗയില്‍ നീന്തിതുടിക്കുന്ന
ചന്ദ്രനും നക്ഷത്രവ്യൂഹങ്ങളും
മണ്ണില്‍ വരില്ലന്നു അറിയുന്നു ഞാന്‍ -
എങ്കിലും എന്‍റെ ഹൃദയാംബരത്തില്‍
മൈലാഞ്ചിയണിഞ്ഞു പട്ടുടയാട ചുറ്റി
പുഞ്ചിരിതൂകി ഗസല്‍ പാടി എത്തുന്ന
നിനക്ക് ചുറ്റും -
പൗര്‍ണമി തിങ്കളും താരഗണങ്ങളും
നൃത്തമാടുമ്പോള്‍ ശരിക്കും നീ ഒരു
അപ്സര കന്യക തന്നെ
അപ്പോള്‍ പതിനാലാം രാവിന്
എന്തൊരു നാണം
എന്‍റെ ചിന്തയുടെ മഴവില്ലോരത്ത്
തുവലാല്‍ നിന്നെ ഓര്‍ത്തു എഴുതിയ വരികള്‍
മഹാ കാവ്യങ്ങളായി ലോകം വായിച്ചെടുക്കും
അന്നു ഒരുപക്ഷെ നമ്മള്‍
അടുത്തടുത്ത, അല്ലങ്കില്‍ ഒരേ ഖബറില്‍
സ്വര്‍ഗീയ സുഗന്ധം നുകര്‍ന്ന്
സുന്ദര സുഷുപ്തിയില്‍ ആണ്ടിരിക്കും ....
സുലൈമാന്‍ പെരുമുക്ക്
00971553538596
No comments:
Post a Comment